കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊലൂഷൻസും സിഎംആർഎലും തമ്മിലുള്ള വഴിവിട്ട പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ വീട്ടിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നു. കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്.
കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആർ.എല്ലിലെ ഒരു വനിതയുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസിൽ 24 മണിക്കൂർ ചിലവഴിച്ചിരുന്നു.
ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവിൽ ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് ഇവരെ വിട്ടയച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആർ.എൽ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരിൽനിന്നാണ് ചൊവ്വാഴ്ച രാവിലെവരെ മൊഴിയെടുത്തത്.











