പാലക്കാട് : ഒരു ഇടവേളയ്ക്ക് ശേഷം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചാവിഷയം ആകുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാനായി നിയോഗിക്കപ്പെട്ടിരുന്ന കമാൻഡോ സംഘത്തിലെ അംഗവും ബിജെപി നേതാവുമായ മേജർ രവി രാജീവ് ഗാന്ധി വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെങ്കിൽ കേസ് പുനരന്വേഷിക്കണം എന്നാണ് മേജർ രവി ആവശ്യപ്പെട്ടത്.
പുൽവാമ ആക്രമണം ആസൂത്രിതമാണെന്ന കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ വിമർശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മേജർ രവി. ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പ് ജയിക്കാനായി കോൺഗ്രസ് നടത്തിയതാണോ എന്ന് മേജർ രവി തിരിച്ചു ചോദിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ശിവരശൻ അടക്കമുള്ളവരെ താൻ ഉൾപ്പെടുന്ന കമാൻഡോ സംഘത്തിന് ജീവനോടെ പിടികൂടാൻ സാധിക്കുമായിരുന്നു. പക്ഷേ പ്രതികൾ മരിക്കാനായി സർക്കാർ കമാൻഡോ ഓപ്പറേഷൻ തടഞ്ഞു എന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന പ്രതിയെ ജീവനോടെ പിടികൂടാൻ കഴിഞ്ഞിരുന്നെങ്കിൽ കേസിന്റെ എല്ലാ ചുരുളുകളും അഴിക്കാമായിരുന്നു. എന്നാൽ സർക്കാർ കമാൻഡോ ഓപ്പറേഷൻ വൈകിപ്പിച്ചുകൊണ്ട് പ്രതികൾക്ക് സ്വയം മരിക്കാനുള്ള സാഹചര്യമുണ്ടാക്കി. രാജീവ് ഗാന്ധി വധക്കേസ് നടന്ന വർഷവും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അപ്പോൾ അതും ആസൂത്രിതമാണോ എന്ന് കോൺഗ്രസ് പറയണമെന്നും മേജർ രവി ആവശ്യപ്പെട്ടു.
Discussion about this post