ജക്കാർത്ത : ഇന്തോനേഷ്യയിൽ റുവാങ് അഗ്നിപർവതത്തിൽ തുടർച്ചയായി നിരവധി സ്ഫോടനങ്ങൾ അനുഭവപ്പെട്ടു. ഏപ്രിൽ 17 രാത്രിയോടെ ആയിരുന്നു റുവാങ് അഗ്നിപർവതത്തിൽ പൊട്ടിത്തെറികളുടെ ഒരു പരമ്പര തന്നെ ഉണ്ടായത്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് വലിയ രീതിയിൽ ലാവ പുറത്തേക്ക് ഒഴുകുകയും ആകാശത്തിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ പുക പ്രത്യക്ഷപ്പെടുകയും ചെയ്തു.
റുവാങ് അഗ്നിപർവതത്തിൽ ഉണ്ടായ സ്ഫോടന പരമ്പരയെ തുടർന്ന് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സമീപപ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചു. 11,000ത്തോളം ജനങ്ങളാണ് ഈ പ്രദേശത്ത് വസിക്കുന്നത്. താൽക്കാലികമായി ഇവിടുത്തെ ജനങ്ങളെ സുലവേസി ദ്വീപിലെ മനാഡോയിലേക്ക് മാറ്റുമെന്ന് ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ അധികൃതർ അറിയിച്ചു.
1871ൽ ഇന്തോനേഷ്യയിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തിന് സമാനമായ രീതിയിലാണ് റുവാങ് അഗ്നിപർവതത്തിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറിയെ തുടർന്ന് അഗ്നിപർവതത്തിന്റെ ഒരു ഭാഗം കടലിൽ തകർന്നു വീണു. 1871ൽ ഇത്തരത്തിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായതിനുശേഷം സുനാമി ഉണ്ടായിരുന്നു. ഇതാണ് മുന്നറിയിപ്പ് നൽകാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post