ന്യൂഡൽഹി : പ്രമേഹം വർദ്ധിപ്പിച്ച് മെഡിക്കൽ ജാമ്യം നേടാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീഹാർ ജയിലിൽ മധുര പലഹാരങ്ങളും മാമ്പഴവും കഴിക്കുന്നതായി ഇന്ന് ഇ ഡി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡൽഹി മന്ത്രിയായ അതിഷി. കെജ്രിവാൾ ജയിലിൽ വച്ച് കഴിച്ചത് കുറഞ്ഞ കലോറിയുള്ള മധുരപലഹാരങ്ങൾ ആണെന്നാണ് അതിഷി അഭിപ്രായപ്പെട്ടത്.
എറിത്രെറ്റോൾ എന്ന കലോറി കുറവുള്ള കൃത്രിമ മധുരം കൊണ്ട് നിർമ്മിച്ചിട്ടുള്ള മധുര പലഹാരങ്ങളും ചായയും ആണ് കെജ്രിവാൾ കഴിച്ചത്. അദ്ദേഹം ചായയിൽ പഞ്ചസാര ചേർത്ത് കഴിച്ചിട്ടില്ല. ഡോക്ടറിൽ നിന്നും അനുവാദം വാങ്ങിയ ശേഷമാണ് അദ്ദേഹം എറിത്രെറ്റോൾ എന്ന കൃത്രിമ മധുരം കഴിക്കുന്നത്. പ്രമേഹം വർദ്ധിപ്പിച്ച് ജാമ്യം നേടാൻ ആണെന്നുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം കള്ളമാണ് എന്നും അതിഷി വ്യക്തമാക്കി.
തീഹാർ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനായി കോടതി അനുമതി നൽകിയിരുന്നു. കെജ്രിവാൾ ജാമ്യത്തിനായി പ്രമേഹം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വ്യാഴാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ഇതിനായി കെജ്രിവാൾ വീട്ടിൽ നിന്നും കൊടുത്തു വിടുന്ന മാമ്പഴവും വാഴപ്പഴവും മധുര പലഹാരങ്ങളും കഴിക്കുന്നുണ്ടെന്നും ഇ ഡി വ്യക്തമാക്കി. എന്നാൽ കെജ്രിവാളിന് അടിയന്തര സാഹചര്യമുണ്ടായി രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നു പോയാൽ കഴിക്കാൻ വേണ്ടിയാണ് വാഴപ്പഴവും മാമ്പഴവും നൽകുന്നത് എന്നാണ് അതിഷി വ്യക്തമാക്കുന്നത്.
Discussion about this post