ഇസ്ലാമാബാദ്: പാകിസ്താനിൽ വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. കറാച്ചിയിൽ ആയിരുന്നു സംഭവം. ചാവേർ ഉൾപ്പെടെ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
ജപ്പാൻ പൗരന്മാരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഭീകരാക്രമണം. ജപ്പാനിൽ നിന്നുള്ള അഞ്ചംഗ സംഘം ജോലി സ്ഥലത്തേക്ക് വാനിൽ പോകുകയായിരുന്നു. ഇതിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിന് നേർക്ക് ചാവേർ പാഞ്ഞടുത്തു. ചാവേർ അപ്പോൾ തന്നെ കൊല്ലപ്പെട്ടിരുന്നു. ബാക്കി രണ്ട് ഭീകരരെ തൊട്ട് പിന്നാലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിക്കുകയായിരുന്നു.
ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് വിദേശികൾ ജോലി സ്ഥലത്തേക്ക് പോയിരുന്നത്. ആക്രമണത്തിൽ ഇവർക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൊല്ലപ്പെട്ട രണ്ട് പേരും സുരക്ഷാ ഉദ്യോഗസ്ഥരാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. ചാവേർ ആക്രമണത്തിൽ രണ്ട് വാഹനങ്ങൾ കത്തിനശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് പിന്നാലെ സുരക്ഷാ സേന വധിച്ച ഭീകരരും ചാവേറുകളായി എത്തിയവരാണ്. ഇവരുടെ ശരീരത്തിലും ബോംബുകൾ കെട്ടിവച്ചിരുന്നു. ഇത് ബോംബ് സ്‌ക്വാഡ് എത്തി നിർവ്വീര്യമാക്കി.












