തൃശ്ശൂർ : 2024ലെ തൃശ്ശൂർ പൂരത്തിന് പരിസമാപ്തിയായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ എത്തി ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് പരിസമാപ്തിയായത്. രാത്രി ഉത്രം വിളക്കിനു ശേഷം കൊടിയിറക്കം കൂടി നടക്കുന്നതാണ്.
വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ശ്രീമൂലസ്ഥാനത്തെ നിലപാട് തറയിൽ വന്നാണ് പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഇനി അടുത്തവർഷം പൂരദിവസം കാണാമെന്ന് ഉപചാരം ചൊല്ലി പിരിയുന്നത്. ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജന്മാർ പരസ്പരം അഭിമുഖമായി നിന്ന് തുമ്പി ഉയർത്തി അഭിവാദ്യം ചെയ്തു കൊണ്ടാണ് ഓരോ വർഷത്തെയും പൂരത്തിന് സമാപനം കുറിക്കുന്നത്.
രാവിലെ 8 30ന് ആരംഭിച്ച പാണ്ടിമേളത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പിന് ശേഷമാണ് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞത്. രാവിലെ നടന്ന എഴുന്നെള്ളിപ്പിൽ 15 ആനകൾ അണിനിരന്നു. ഇന്ന് രാത്രി പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ നടക്കുന്ന ഉത്രം വിളക്കോട് കൂടി പൂരത്തിന്റെ കൊടിയിറക്കവും നടക്കും.
Discussion about this post