പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലും വീട്ടിലെ വോട്ടിൽ തിരിമറി. പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ മരിച്ച വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ആറുവർഷം മുൻപ് 94 ആം വയസ്സിൽ മരിച്ച അന്നമ്മ എന്ന വയോധികയുടെ പേരിലാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.
മെഴുവേലി പഞ്ചായത്ത് മെമ്പർ ആയ കോൺഗ്രസ് നേതാവിന്റെയും ബിഎൽഓയുടെയും അറിവോടെയാണ് കള്ളവോട്ട് നടന്നത് എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. എൽഡിഎഫ് ആണ് സംഭവത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.
വോട്ടർ പട്ടികയിലെ ക്രമനമ്പർ പ്രകാരം അന്നമ്മയുടെ പേര് 874 ആം നമ്പറിൽ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് വീട്ടിലെ വോട്ടിന് എത്തിയ സമയത്ത് അന്നമ്മയുടെ മകന്റെ ഭാര്യയായ അതേ പേരിലുള്ള 65 വയസ്സുകാരി ഈ വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാർഡ് കോൺഗ്രസ് മെമ്പറിന്റെ അറിവോടെയാണ് കള്ളവോട്ട് നടന്നത് എന്നാണ് എൽഡിഎഫിന്റെ ആരോപണം. കള്ളവോട്ട് നടന്നതായി ബിഎൽഒയും സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post