ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം 1.5 കോടിയിലധികം ഭക്തർ അയോദ്ധ്യ സന്ദർശിച്ചതായി ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് . രാംലല്ലയെ ദർശിക്കാൻ ദിവസവും ഒരു ലക്ഷത്തിലധികം ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത് എന്ന് ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
കൂടാതെ ക്ഷേത്രത്തിന് ചുറ്റും 14 അടി വീതിയിൽ പാർക്കോട്ട എന്ന പേരിൽ സുരക്ഷാ മതിൽ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർക്കോട്ട ഒരു മൾട്ടി പർപ്പസ് ഏരിയായിരിക്കുമെന്നും അതിൽ 6 ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാൻ ശങ്കരൻെറയും സൂര്യന്റെയും , ഹനുമാൻ, എന്നിങ്ങനെയുള്ള 6 ക്ഷേത്രങ്ങളാണ് നിർമ്മിക്കുക. ഒരേസമയം 25,000 ഭക്തരെ ഉൾക്കൊള്ളാനുള്ള രീതിയിലാണ് നിർമ്മിക്കുക.
അതേസമയം കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിൽ ആദ്യമായി രാമനവമി ആഘോഷിച്ചു. ശ്രീരാമ പ്രതിഷ്ഠയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി. സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ രാമവിഗ്രഹത്തിന്റെ തിരുനെറ്റിയിൽ തിലകം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്ന്. റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു സാങ്കേതികത വിദ്യ രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കിയത്.
Discussion about this post