ആലപ്പുഴ: ചെട്ടികാട് സഹോദരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ബെന്നിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ബെന്നി തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്. ഇക്കഴിഞ്ഞ 17 നായിരുന്നു റോസമ്മയെ കൊലപ്പെടുത്തിയത് എന്നാണ് ബെന്നിയുടെ മൊഴി. റോസമ്മയ്ക്ക് 60 വയസ്സുണ്ട്. അടുത്തിടെയായി വീണ്ടും വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹം റോസമ്മ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തുടക്കത്തിലേ ബെന്നി ഇത് എതിർക്കുകയായിരുന്നു.
17 ന് രാത്രി ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ ചുറ്റിക കൊണ്ട് ബെന്നി റോസമ്മയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ശേഷം വീടിന്റെ പിൻഭാഗത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു. 18 മുതൽ റോസമ്മയെ കാണാനില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇവർ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടുവെന്ന് ബെന്നി വെളിപ്പെടുത്തുകയായിരുന്നു.
ബന്ധുക്കൾ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് ബെന്നിയെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post