തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. തിരഞ്ഞെടുപ്പ് എന്നത് സിനിമാ നടിമാരുടെ പെർഫോമൻസിനുള്ള വേദിയല്ലെന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ പരാമർശമാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയും സിനിമാ താരവുമായ അഞ്ജലി നായരെ ലക്ഷ്യം വെച്ചായിരുന്നു ഉണ്ണിക്കൃഷ്ണന്റെ ഈ കടന്നാക്രമണം.
എൻഡിഎ സ്ഥാനാർത്ഥിക്ക് പുറമെ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിക്കെതിരെയും ഉണ്ണിക്കൃഷ്ണൻ പരിഹാസം തൊടുത്തുവിട്ടു. യുഡിഎഫ് സ്ഥാനാർത്ഥി രംഗത്തിറങ്ങിയപ്പോൾ തന്നെ തിരഞ്ഞെടുപ്പ് ഗോദയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ദീപക് ജോയിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പും രാഷ്ട്രീയ നിലപാടുകളും ചർച്ചയാക്കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് മത്സരം മാറുന്നത് തൃപ്പൂണിത്തുറയിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിമരുന്നിടുന്നത്. ഉണ്ണിക്കൃഷ്ണന്റെ ‘നടി’ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമാകുന്നുണ്ട്.









