തിരുവനന്തപുരം; തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു. പാർലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
ശശി തരൂർ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാൽ ഞാൻ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാർത്ഥിക്ക് ഞാൻ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവർ ട്രാപ്പിൽ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാർട്ടിക്ക് അല്ല, വ്യക്തിക്കാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
വർഗീയ വൈറസ് പടരാതെ സൂക്ഷിക്കണം. രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.
Discussion about this post