ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. രാജ്യത്തെ വിഭജിക്കുന്ന രീതിയിലുള്ള വാക്കുകളും ശ്രമങ്ങളും ആണ് രാഹുൽ ഗാന്ധി നടത്തുന്നത് എന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ അറിയിച്ചു. രാജ്യത്തെ വടക്കും തെക്കുമായി വിഭജിച്ച് കൊണ്ടാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതെന്നും ജനങ്ങൾക്കിടയിൽ വിദ്വേഷം കുത്തിവയ്ക്കുകയാണെന്നും ബിജെപി വ്യക്തമാക്കുന്നു.
ഭാഷയുടെയും പ്രവിശ്യകളുടെയും പേരിൽ രാജ്യത്തെ പൗരന്മാരെ രണ്ടാക്കി തിരിക്കുന്ന വിഭജന നയമാണ് രാഹുൽ ഗാന്ധി നടപ്പാക്കുന്നത്. ഇതിനായി അദ്ദേഹം നിരന്തരം ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ ജനങ്ങളെ തന്നെ ഇരു വിഭാഗങ്ങളാക്കി പോരടിപ്പിക്കാനുള്ള ശ്രമമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും ബിജെപി പരാതിയിൽ സൂചിപ്പിച്ചു.
വികസനത്തിന്റെ കാര്യത്തിൽ രാജ്യം വലിയ രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. തിരഞ്ഞെടുപ്പിൽ മറ്റൊന്നും ചർച്ചാവിഷയമാക്കാൻ ഇല്ലാത്ത രാഹുൽ ഗാന്ധി വടക്കും തെക്കും തമ്മിൽ പോരടിപ്പിക്കാനുള്ള ശ്രമങ്ങളാണ് തന്റെ പ്രസംഗങ്ങളിലൂടെ നടത്തുന്നത്. ഇതിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
Discussion about this post