ന്യൂഡൽഹി : ഏപ്രിലിലെ ആദ്യ മൂന്ന് ആഴ്ചകളിൽ കുറഞ്ഞത് 411 ദശലക്ഷം പേർ ട്രെയിൻ യാത്ര നടത്തിയതായി ഇന്ത്യൻ റെയിൽവേ . എക്കാലത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. വേനൽക്കാല അവധി കാരണം ഈ വർഷം യാത്രക്കാരുടെ എണ്ണം കൂടുതലായിരുന്നു. വിവാഹ സീസണിന്റെ ആരംഭവും ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുകളും കാരണവും തിരക്ക് വർദ്ധിക്കുകയാണ് എന്ന് ഇന്ത്യൻ റെയിൽവേ (ഐആർ) ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 1 നും 21 നും ഇടയിൽ ഇന്ത്യൻ റെയിൽവേ 411.6 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. അതിൽ 33.8 ദശലക്ഷം യാത്രക്കാരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് യാത്ര ചെയ്തത്. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ട്രെയിനുകളിൽ യാത്ര ചെയ്തത് ഏകദേശം 370 ദശലക്ഷം യാത്രക്കാരായിരുന്നു. 2019 ൽ ഈ കണക്ക് 350 ദശലക്ഷമായിരുന്നു. കോവിഡ് -19 കാരണം 2020 നും 2022 നും ഇടയിൽ യാത്രക്കാരുടെ യാത്ര ഗണ്യമായി കുറയുകയും ചെയ്തിരുന്നു.
ഡൽഹി, പട്ന, കൊൽക്കത്ത, ദർഭംഗ തുടങ്ങിയ സ്ഥലങ്ങളിൽ സീസണൽ തിരക്കുള്ള റൂട്ടുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ലീപ്പർ ക്ലാസ് കോച്ചുകൾ മാത്രമല്ല എസി കോച്ചുകളിലും ഇത് തന്നെയാണ് അവസ്ഥ.
അതേസമയം സോഷ്യൽ മീഡിയകളിൽ യാത്രക്കാർ ട്രെയിനിൽ തൂങ്ങി കിടക്കുന്ന രീതിയിലുള്ള നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. പഴയതും തെറ്റായതുമായ വീഡിയോകൾ പോസ്റ്റ് ചെയ്ത് പ്രതിപക്ഷ പാർട്ടി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റെയിൽവേയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിൻ യാത്രകൾ 43% വർദ്ധിച്ചതിനാൽ അധിക ട്രെയിനുകൾ വിന്യസിച്ചതായും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
Discussion about this post