ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത മാസം ഏഴ് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കെജ്രിവാളിന് പുറമേ മറ്റ് പ്രതികളായ ബിആർഎസ് വനിതാ നേതാവ് കെ. കവിത, ചാന്ദ് പ്രീത് സിംഗ് എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.
റൗസ് അവന്യൂ കോടതിയുടേത് ആണ് നടപടി. നിലവിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൂന്ന് പേരെയും വെർച്വലായി ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നായിരുന്നു കോടതി വീണ്ടും കസ്റ്റഡി കാലാവധി നീട്ടിയത്. മെയ് ഏഴിനും വെർച്വലായി ഇവരെ ഹാജരാക്കിയാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു.
എല്ലാ ദിവസം ഡോക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കെജ്രിവാളിന്റെ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി കാലാവധി ദീർഘിപ്പിച്ചത്. 15 മിനിറ്റ് നേരം ഭാര്യയുടെ സാന്നിദ്ധ്യത്തിൽ ഡോക്ടറുമായി കൂടിക്കാഴ്ച അനുവദിക്കണം എന്നായിരുന്നു ആവശ്യം.
Discussion about this post