ഡെറാഡൂൺ: ഹനുമാൻ ജയന്തി ദിനത്തിൽ പ്രാർത്ഥന നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഋഷികേശിലെ പർമാർഥ് നികേതൻ ആശ്രമത്തിൽ എത്തിയായിരുന്നു ദ്രൗപതി മുർമു പ്രാർത്ഥനകളിൽ പങ്കുകൊണ്ടത്. ആശ്രമത്തിലെ സന്യാസിവര്യർക്കൊപ്പം ഹനുമാൻ വിഗ്രഹത്തിൽ പ്രാർത്ഥന മുർമുവിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈകീട്ടോടെയായിരുന്നു മുർമു ആശ്രമത്തിൽ എത്തിയത്. ആശ്രമത്തിന്റെ പ്രസിഡന്റ് സ്വാമി ചിദാനന്ദ സരസ്വതിയും ആശ്രമം ഡയറക്ടർ ഭഗവതി സരസ്വതിജിയും ചേർന്ന് മുർമുവിന് സ്വീകരണം നൽകി. പുഷ്പങ്ങൾ വിതറി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടായിരുന്നു സ്വീകരിച്ചത്. മുർമുവിനൊപ്പം ഉത്തരാഖണ്ഡ് ഗവർണർ ഗുർമീത് സിംഗും ആശ്രമത്തിൽ എത്തിയിരുന്നു.
ലക്ഷ്മി ദേവിയ്ക്ക് മുർമു മാലയണിയിച്ചു. ഹനുമാൻ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഇതിന് പുറമേ ആരതി പൂജയും നടത്തിയ ശേഷമായിരുന്നു മടക്കം. സന്യാസിവര്യരുമായി ആത്മീയ വിഷയങ്ങളിൽ മുർമു ചർച്ച നടത്തി. രാഷ്ട്രപതിയുടെ വരവ് അറിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികളും ആശ്രമത്തിൽ എത്തിയിരുന്നു. ഇവർക്ക് മുർമു മധുരം നൽകി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ആശ്രമങ്ങളിൽ ഒന്നാണ് പർമാർഥ് നികേതൻ. ഹിമാലയത്തിൽ ഗംഗാ നദിയുടെ തീരത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.
Discussion about this post