പത്തനംതിട്ട: റാന്നിയിൽ വയോധികയ്ക്ക് കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വലഞ്ചുഴി സ്വദേശി ആകാശ്(22) ആണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് സൂചന. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് ആകാശ് നിർബന്ധിപ്പിച്ച് കുത്തിവയ്പ്പ് എടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ സിറിഞ്ചുമായി എത്തിയ ഇയാൾ റാന്നി. ഗവ. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനാണെന്നാണ് ചിന്നമ്മയോട് പറഞ്ഞിരുന്നത്. കോവിഡിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ വാക്‌സിൻ വേണ്ടെന്ന് ചിന്നമ്മ ആകാശിനോട് പറയുകയായിരുന്നു. തുടർന്ന് യുവാവ് നിർബന്ധിച്ചു. ഇതോടെ ചിന്നമ്മ വാക്‌സിനെടുക്കാമെന്ന് സമ്മതിയ്ക്കുകയായിരുന്നു.
എന്നാൽ കൈയ്ക്ക് പകരം നടുവിനാണ് ഇയാൾ കുത്തിവച്ചത്. നടുവിന്റെ രണ്ട് ഭാഗത്തായി കുത്തിവച്ചു. ഇതിന് പിന്നാലെ നശിപ്പിച്ച് കളയണമെന്ന് പറഞ്ഞ് സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ അൽപ്പനേരത്തിന് ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ ചിന്നമ്മ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചിന്നമ്മ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കോവിഡ് വാക്‌സിൻ എടുത്ത നാൾ മുതൽ മറ്റാർക്കെങ്കിലും കുത്തിവയ്പ്പ് എടുക്കണമെന്ന് പ്രതി ആഗ്രഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇങ്ങനെ ഇരിക്കെ കഴിഞ്ഞ ദിവസം ചിന്നമ്മയെ പ്രതി കാണുകയായിരുന്നു. ഉടനെ സിറിഞ്ച് വാങ്ങി വന്ന് കുത്തിവച്ചു. മരുന്ന് ഇല്ലാതെ ആയിരുന്നു കുത്തിവച്ചത്.
അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചു കയറിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ് എടുത്തിട്ടുള്ളത്. ഇയാൾ കുത്തിവയ്ക്കാനുപയോഗിച്ച സിറിഞ്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post