കൊല്ലം : കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും വിജിലൻസ് പരിശോധനയെ തുടർന്ന് ഡ്രൈവർമാർ കൂട്ടത്തോടെ മുങ്ങിയത് നിരവധി സർവീസുകൾ മുടങ്ങാൻ കാരണമായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മാത്രം 15 കെഎസ്ആർടിസി സർവീസുകളാണ് ഡ്രൈവർമാർ കൂട്ടത്തോടെ അവധി എടുത്തത് കാരണം തടസ്സപ്പെട്ടത്. ഇതോടെ പല മേഖലകളിലും യാത്രക്കാർ ദുരിതത്തിലായി.
ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കെഎസ്ആർടിസി ഡിപ്പോകളിലും ബസുകളിലും വിജിലൻസ് പരിശോധന നടത്തുന്നത്. പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് എത്തിയ രണ്ട് ഡ്രൈവർമാരെ വിജിലൻസ് പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനയുടെ വിവരം കിട്ടിയ മറ്റു ഡ്രൈവർമാർ ഇതോടെ മുങ്ങുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മുതൽ വിജിലൻസ് കെഎസ്ആർടിസി കേന്ദ്രങ്ങളിൽ പരിശോധന തുടങ്ങിയിരുന്നു. ആ സമയത്ത് തന്നെ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ നൂറോളം കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെയാണ് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും എതിരായി അച്ചടക്ക നടപടി എടുത്തിട്ടുള്ളത്. കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതോടെ ദുരിതത്തിൽ ആയ യാത്രക്കാർക്ക് വേണ്ടി ബദൽ സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി ഇത്തരത്തിൽ ഡ്യൂട്ടിയ്ക്ക് എത്താത്തവർക്ക് എതിരെയും നടപടി ഉണ്ടാകും എന്നാണ് വിവരം.
Discussion about this post