എറണാകുളം : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തിയത് ലഹരിക്കടത്തിന്റെ പുതിയ വഴി. കൊക്കെയ്ൻ ക്യാപ്സ്യൂൾ ആക്കി വിഴുങ്ങിയ നിലയിൽ ആണ് കെനിയൻ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നത്. ഒരാഴ്ച മുൻപ് കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പിടികൂടിയിരുന്നെങ്കിലും ദിവസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഇയാളുടെ വയറ്റിൽ നിന്നും മയക്കുമരുന്ന് ക്യാപ്സുകളുകൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നത്. പലവിധത്തിൽ ലഹരിക്കടത്ത് നടത്തിയിട്ടും പിടികൂടുന്ന അവസ്ഥ ആയതോടെയാണ് ലഹരി കടത്ത് സംഘം ഇത്തരം ഒരു പുതിയ രീതി അവലംബിച്ചിരിക്കുന്നത്.
6.68 കോടി രൂപ വില വരുന്ന കൊക്കെയ്ൻ ആണ് കെനിയൻ സ്വദേശിയായ കരേല മൈക്കിൾ നംഗയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്. എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിലേക്ക് എത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പരിശോധന നടത്തുകയായിരുന്നു.
ഒരാഴ്ച മുമ്പ് കൊച്ചി വിമാനത്താവളത്തിലെത്തിയ കരേല മൈക്കിളിന്റെ ബാഗേജും ശരീരവും പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്-റേ എടുത്തപ്പോൾ വയറിനുള്ളിൽ ചില ക്യാപ്സ്യൂളകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയും ഒരാഴ്ചയോളം നീണ്ട പരിശ്രമത്തിലൂടെ വയറ്റിൽ നിന്നും 50 ക്യാപ്സുകളുകൾ പുറത്തെടുക്കുകയും ചെയ്തു. 668 ഗ്രാം കൊക്കയ്നായിരുന്നു ഇയാളുടെ വയറ്റിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ഞായറാഴ്ച അങ്കമാലി ജുഡീഷ്യറി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിലേക്ക് അയച്ചു.
Discussion about this post