ന്യൂഡൽഹി: ജീവനക്കാരുടെ കൂട്ട അവധിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസരിച്ച് യാത്രക്കാർക്ക് സൗകര്യം ഉറപ്പാക്കാനും എയർലൈനിനോട് നിർദേശിച്ചതായാണ് റിപ്പോർട്ട്.
ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തതിനെ തുടർന്ന് 90ഓളം വിമാനങ്ങളാണ് റദ്ദ് ചെയ്തത്. എയർലൈനിലെ കെടുകാര്യസ്ഥതയെ തുടർന്ന് 200 ഓളം ജീവനക്കാരാണ് അപ്രതീക്ഷിതമായി സിക്ക് ലീവിൽ പ്രവേശിച്ചത്.
സംഭവത്തെ തുടർന്ന് പല വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു. പോലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിസ കാലാവധി കഴിയുന്നവരും അത്യാവശ്യമായി ജോലിക്ക് കയറേണ്ടവരും ആശുപത്രി ആവശ്യങ്ങളുള്ളവരും ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. യാത്ര തടസപ്പെട്ടവരുടെ യാത്ര മറ്റ് ദിവസങ്ങളിലേക്ക് റി ഷെഡ്യൂൾ ചെയ്യുന്നതിനും റിഫണ്ടിനും ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടും അധികൃതർ അതൃപ്തി പ്രകടിപ്പിച്ചു.
Discussion about this post