ഷിംല : ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് സൂപ്പർതാരവുമായ കങ്കണ റണാവത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മാണ്ഡിയിൽ നിന്നും മത്സരിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് കങ്കണ വ്യക്തമാക്കി. അമ്മ ആശാ റണാവത്ത്, സഹോദരി രംഗോലി ചന്ദേൽ എന്നിവർക്ക് ഒപ്പമാണ് കങ്കണ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി എത്തിയത്.
മാണ്ഡിയിലെ നിരവധി ബിജെപി പ്രവർത്തകരും കങ്കണക്കൊപ്പം നാമനിർദ്ദേശപത്രിക സമർപ്പണത്തിന് എത്തിച്ചേർന്നിരുന്നു. പരമ്പരാഗത ഹിമാചൽ തൊപ്പി ധരിച്ചായിരുന്നു കങ്കണ പത്രിക സമർപ്പണത്തിനായി എത്തിയിരുന്നത്. മാണ്ഡിയിലെ ജനങ്ങളും അവർ എന്നോട് കാണിക്കുന്ന സ്നേഹവുമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും കങ്കണ വ്യക്തമാക്കി. ജൂൺ ഒന്നിനാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്.
യാതൊരു താര പാരമ്പര്യവും ഇല്ലാതെ ഒരു സാധാരണക്കാരിയായി ബോളിവുഡിൽ എത്തി വിജയം കൈവരിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിലും മാണ്ഡിയിലെ ജനങ്ങളുടെ സ്നേഹം നേടാനും വിജയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുകാലത്ത് ഏറ്റവും കൂടുതൽ ഭ്രൂണഹത്യ നടന്നിരുന്ന പ്രദേശമായിരുന്നു മാണ്ഡി. എന്നാൽ ഇന്ന് മാണ്ഡിയിലെ സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും സൈനിക മേഖലയിലും കഴിവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. അതിനാൽ തന്നെ തനിക്കും വലിയ വിജയ പ്രതീക്ഷയുണ്ടെന്ന് കങ്കണ വ്യക്തമാക്കി.
Discussion about this post