യെമൻ ആഭ്യന്തര യുദ്ധത്തെച്ചൊല്ലി സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. യെമനിലെ മുകല്ല തുറമുഖ നഗരത്തിൽ സൗദി അറേബ്യ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിന് പിന്നാലെ, സൗദിയിൽ വിന്യസിച്ചിരുന്ന തങ്ങളുടെ സൈനികരെ പിൻവലിക്കുമെന്ന് യുഎഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് ഗൾഫ് രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്.
യെമനിലെ തെക്കൻ വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിന് യുഎഇ ആയുധങ്ങൾ കൈമാറുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യ മുകല്ല തുറമുഖത്ത് ബോംബാക്രമണം നടത്തിയത്. യുഎഇയിൽ നിന്നെത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിയ ആയുധശേഖരവും സൈനിക വാഹനങ്ങളുമാണ് തങ്ങൾ തകർത്തതെന്ന് സൗദി ഔദ്യോഗികമായി അറിയിച്ചു. തങ്ങളുടെ ദേശീയ സുരക്ഷ ‘റെഡ് ലൈൻ’ ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായും പ്രകോപനപരമായ നടപടിയുമായാണ് യുഎഇ വിലയിരുത്തുന്നത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി നിലനിർത്തിയിരുന്ന സൈനികരെയാണ് ഇപ്പോൾ പിൻവലിക്കുന്നത്.
ഹൂതി വിമതർക്കെതിരെ ഒരുമിച്ച് പോരാടിയിരുന്ന സൗദിയും യുഎഇയും തമ്മിൽ കഴിഞ്ഞ കുറച്ചു കാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. യുഎഇ പിന്തുണയ്ക്കുന്ന എസ്ടിസി വിഭാഗം സൗദി അതിർത്തിയോട് ചേർന്നുള്ള ഹാദ്രാമൗട്ട് പ്രവിശ്യ പിടിച്ചടക്കിയതാണ് സൗദിയെ ചൊടിപ്പിച്ചത്.












Discussion about this post