വികസന കുതിപ്പിന്റെ പാതയിലാണ് ഭാരതം. അറിവെന്ന ഏറ്റവും മൂർച്ചയേറിയ ആയുധം കൊണ്ട് ബഹിരാകാശത്തെ പോലും കൈപ്പിടിയിലൊതുക്കി കൊണ്ടിരിക്കുകയാണ് നാം. എന്നാൽ, നമ്മുടെ അയൽ രാഷ്ട്രമായ പാകിസ്താന്റെ അവസ്ഥ നേരെ വിപരീതമാണ്. രാജ്യത്തെ ജനങ്ങൾ മുഴുവൻ അരക്ഷിതാവസ്ഥയിലായാലും ദ്രവിച്ചു തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഭീകരവാദത്തിനു മാത്രം കോപ്പു കൂട്ടിക്കൊണ്ടിരിക്കുകയാണ് ആ രാജ്യം.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് വിശ്വസിക്കുന്ന പാക് താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്ക് രാജ്യത്തുള്ള സ്വാധീനമാണ് പ്രധാന പ്രശ്‌നം. പാക് ഭരണകൂടത്തിന് പലപ്പോഴും ഭീകരർക്ക് മുന്നിൽ മുട്ടുമടക്കേണ്ട അവസ്ഥയാണ്. ഇത്തരം പഴകിയ മതമൂല്യങ്ങൾ പൊക്കിപ്പിടിച്ച് പെൺകുട്ടികളുടെ പ്രാഥമിക വിദ്യഭ്യാസത്തിന് പോലും തടയിടാൻ ശ്രമിക്കുകയാണ് പാകിസ്ഥാനിലെ ഭീകരർ.
പാകിസ്ഥാനിൽ പെൺകുട്ടികൾ പഠിക്കുന്ന ഓരോ സ്‌കൂളുകളും തച്ചുടച്ചു കൊണ്ടിരിക്കുകയാണ് ഭീകര സംഘടനകൾ. ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസവും പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഭീകരാക്രമണം നടന്നിരുന്നു. പാകിസ്താനിലെ തെക്കൻ വസീരിസ്ഥാനിലെ സോഫിയ നൂർ എന്ന പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് അവസാനമായി ആക്രമണം നടന്നത്.
പ്രദേശത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ആഴ്ചകൾക്ക് മുൻപ് മാത്രമാണ് സോഫിയ നൂർ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, ആ സ്‌കൂളിൽ ഇരുന്ന് പ്രാഥമിക വിദ്യഭ്യാസം പോലും പൂർത്തിയാക്കാൻ അവിടുത്തെ പെൺകുട്ടികൾക്ക് സാധിച്ചില്ല എന്നതാണ് സങ്കടകരമായ വസ്തുത.
വസീരിസ്ഥാനിലെ ഷെവ ടൗണിലെ ഇസ്ലാമിയ ഗേൾസ് സ്‌കൂളിന് നേരെയും സമാന രീതിയിൽ അടുത്തിടെ ആക്രമണം നടന്നിരുന്നു. ഇതിന് മുൻപും പല തവണ പാകിസ്ഥാനിലെ ആയിരക്കണക്കിന് സ്‌കൂളുകൾക്ക് നേരെ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
താലിബാൻ ഭീകരരുടെ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ആക്രമിക്കപ്പെട്ട രണ്ട് സ്‌കൂളുകളും. അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളെല്ലാം ഒന്നിന് പുറകെ മറ്റൊന്നായി തകർക്കപ്പെടുന്ന കാഴ്ച്ച നാം കണ്ടിട്ടുണ്ട്. മദ്രസ വിദ്യഭ്യാസത്തിന് പുറമേ മറ്റൊന്നും പാടില്ലെന്ന താലിബാനിസം പിന്തുടർന്ന് നിരവധി സ്‌കൂളുകളാണ് അഫ്ഗാനിസ്ഥാനിൽ തകർക്കപ്പെട്ടത്. ഇത്തരം ആക്രമണങ്ങൾ എണ്ണിയാലൊടുങ്ങാത്ത അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജീവനുകളാണ് കവർന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ പാകിസ്ഥാനിലെ ജനങ്ങളിൽ വലിയ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാനിലെ പെൺകുട്ടികളും സ്ത്രീകളും ഭയപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുക എന്ന ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടയാണ് ഇതു വഴി നടപ്പാകുന്നത്.
സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പാകിസ്താനിൽ വിവാഹമോചനങ്ങൾ വർദ്ധിച്ചെന്ന പാക് മുൻ ക്രിക്കറ്റ് താരം സയീദ് അൻവറിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ഇത്തരത്തിൽ അറു പിന്തിരിപ്പൻ ചിന്തകൾ കൊണ്ട് നടക്കുന്ന ആളുകളുള്ള നാട്ടിൽ ഇതല്ലാതെ പിന്നെ എന്തു നടക്കാൻ.
Discussion about this post