ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വീണ്ടും സ്വപ്നം കണ്ട് തുടങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. 2014 ലും 2019 ലും ഇതേ സ്വപ്നം രാഹുൽ ഒരുപാട് കണ്ടിരുന്നു. പക്ഷേ ഫലം പ്രതികൂലമായെന്ന് മാത്രം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വൻ തകർച്ചയാണ് കോൺഗ്രസ് നേരിട്ടത്.
എന്നാൽ, ഇക്കുറി തന്റെ തലവിധി മാറുമെന്ന പ്രതീക്ഷയിലാണ് 50 വയസ് പിന്നിട്ട കോൺഗ്രസിന്റെ യുവ രാജാവ്. ബിജെപിയെ പ്രതിരോധിക്കാനായി രൂപീകരിച്ച ഇൻഡി സഖ്യം ഇത്തവണ കൂടെയുണ്ടല്ലോ എന്നാണ് രാഹുലിന്റെ ചിന്ത. ഇൻഡിയുടെ ബലത്തിൽ പ്രധാനമന്ത്രി സ്ഥാനം കൂടെ പോരുമെന്നും രാഹുൽ വിശ്വസിക്കുന്നു. എന്നാൽ, ഈ വിശ്വാസം എത്രത്തോളം നടക്കുമെന്നത് കണ്ടറിയേണ്ടി വരും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രി രാഹുൽ തന്നെ എന്നാണ് വേദികളായ വേദികളിലെല്ലാം കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടക്കുന്നത്. എന്നാൽ, ഈ വാദം അംഗീകരിക്കാൻ മുന്നണിയിലെ മറ്റ് പാർട്ടികൾ തയ്യാറാകില്ലെന്ന സൂചനകളാണ് വരുന്നത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം രാഹുലിന് ഇത്തരത്തിൽ അപായ സൂചന നൽകുന്നതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ആണോ എന്ന ചോദ്യം കെജ്രിവാളിന് മുൻപിൽ ഉയർന്നിരുന്നു. അതേക്കുറിച്ച് ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നായിരുന്നു ഇതിനോടുള്ള കെജ്രിവാളിന്റെ മറുപടി.
‘രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യത്തിനുള്ളിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാ കക്ഷികളും ചർച്ച ചെയ്ത് പ്രധാനമന്ത്രിയെ തീരുമാനിക്കും. മുന്നണി വിജയിച്ചാൽ പ്രധാനമന്ത്രിയാകണമെന്ന ഉദ്ദേശം തനിക്ക് ഇല്ല. ആം ആദ്മി ഒരു ചെറിയ പാർട്ടിയാണ്. നിലവിൽ 22 സീറ്റുകളിലാണ് എഎപി മത്സരിക്കുന്നത്.’ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
എന്തായാലും, കെജ്രിവാളിന്റെ ഈ പ്രതികരണവും രാഹുലിന്റെ വിശ്വാസവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പൊരുത്തക്കേടുകൾ പ്രകടമാണ്. ബിജെപിയെ താഴെയിറക്കി അധികാരം പിടിച്ചെടുക്കുകയായിരുന്നു ഇൻഡി സഖ്യം രൂപീകരിച്ചതിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. ഇതിലൂടെ രാഹുലിനെ പ്രധാനമന്ത്രിയാക്കാനും കോൺഗ്രസ് ഉദ്ദേശിച്ചിരുന്നു.
എന്നാൽ, ഇത് എളുപ്പം സാദ്ധ്യമല്ലെന്നാണ് കെജ്രിവാളിന്റെ പരാമർശങ്ങൾ നൽകുന്ന സൂചന. പ്രധാനമന്ത്രി പദത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഏകപക്ഷീയമായ തീരുമാനം എടുക്കാൻ കഴിയില്ല. അങ്ങിനെ ഒരു തീരുമാനം കോൺഗ്രസ് എടുത്താൽ സഖ്യകക്ഷികൾ അതിനെ പിന്തുണയ്ക്കുമോയെന്ന കാര്യവും സംശയമാണ്. ചർച്ച ചെയ്ത് സഖ്യത്തിലെ മുഴുവൻ കക്ഷികൾക്കും എതിർപ്പില്ലാത്ത ആളായിരിക്കും ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രിയായി വരിക. ചുരുക്കി പറഞ്ഞാൽ ജയിച്ചാലും തോറ്റാലും
രാഹുലിന്റെ പ്രധാനമന്ത്രി മോഹം സ്വപ്നമായി തന്നെ തുടരാനാണ് സാധ്യത.
Discussion about this post