തൃശൂർ: തൃശൂരിൽ കോൺഗ്രസ് ഇറക്കിയ സർജിക്കൽ സ്‌ട്രൈക്കായിരുന്നു മുതിർന്ന നേതാവ് കെ മുരളീധരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. സിറ്റിംഗ് എംപിയായിരുന്ന ടിഎൻ പ്രതാപന് തന്നെയായിരുന്നു മണ്ഡലത്തിൽ പ്രതീക്ഷ. എന്നാൽ, പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതോടെ പതറിപ്പോയ കോൺഗ്രസ് കെ മുരളീധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
സർജിക്കൽ സ്‌ട്രൈക്കായി കെ മുരളീധരനെ ഇറക്കിയെങ്കിലും സ്റ്റാർ സ്‌ട്രൈക്കറെ തന്നെ ഇറക്കി ബിജെപിയുടെ മൂവിൽ കോൺഗ്രസിന് പളി പാളി. തൃശൂരിലെ വോട്ടുകളെണ്ണി തീർന്നതോടെ, കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വമ്പിച്ച ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി ശക്തന്റെ മണ്ണിൽ വിജയക്കൊടി പാറിച്ചത്. 75,079 വോട്ടുകളുടെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി മണ്ഡലത്തിൽ നേടിയത്. 334160 വോട്ടുകളാണ് ഇടത് സ്ഥാനാർത്ഥി സുനിൽ കുമാർ നേടിയത്.












