ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ വാരിക്കൂട്ടി ബോളിവുഡ് താരവും മഥുരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഹേമ മാലിനി. വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് കടന്നതോടെ രണ്ടര ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഹേമമാലിനി മുന്നിട്ട് നിൽക്കുന്നത്. ഇതോടെ മണ്ഡലത്തിൽ എൻഡിഎ വിജയം ഉറപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ മുകേഷ് ധൻഗർ ആയിരുന്നു ഇക്കുറി ഹേമമാലിനിയുടെ എതിരാളി. മുകേഷ് ധൻഗറിനെ തോൽപ്പിച്ചാൽ ഇക്കുറി ഹാട്രിക് വിജയമാണ് ഹേമമാലിനി സ്വന്തമാക്കുക. കഴിഞ്ഞ രണ്ട് തവണയും ഇവിടെ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു.
1999 ലായിരുന്നു ഹേമമാലിനി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അന്ന് പഞ്ചാബിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുരുദാസ്പൂരിൽ നിന്നുള്ള സ്ഥാനാർത്ഥി വിനോദ് ഖന്നയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതോടെയായിരുന്നു ഹേമമാലിനിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2003 ൽ ഹേമമാലിനി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010 ൽ ബിജെപി ജനറൽ സെക്രട്ടറി ആയിരുന്നു. 2011 ൽ വീണ്ടും രാജ്യസഭാംഗമായി.
2014 ൽ ആർഎൽഡി നേതാവ് ജയന്ത് ചൗധരിയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഹേമമാലിനി മണ്ഡലത്തിൽ നിന്നുള്ള എംപി ആയത്. പിന്നീട് 2019 ലും ഇത് ആവർത്തിച്ചു. കഴിഞ്ഞ തവണ കുൻവർ നരേന്ദ്ര സിംഗിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഹേമമാലിനി എംപി ആയത്.
Discussion about this post