മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. പാർട്ടിയുടെ നേതൃത്വ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് ഉണ്ടായ ഈ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഞാനാണ് പാർട്ടിയെ നയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗമായി തനിക്ക് നൽകിയിരിക്കുന്ന ചുമതലകളിൽ നിന്നും വിട്ട് നിർത്തണം എന്ന് ബിജെപി ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കുന്നു. എങ്കിൽ മാത്രമേ വരുന്ന തിരഞ്ഞെടുപ്പിനായി ബിജെപിയെ ശക്തിപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണം കുറഞ്ഞതിന്റെ പൂർണ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നു. പോരായ്മകൾ പരിഹരിച്ചുകൊണ്ട് മുന്നേറും. പരാജയത്തിൽ ഒളിച്ചോടുന്ന വ്യക്തിയല്ല താൻ. സ്വാധീനം തിരിച്ചു പിടിയ്ക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ കാര്യമായ മുന്നേറ്റം നടത്താൻ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല. ആകെ 9 സീറ്റകൾ മാത്രമാണ് ബിജെപിയ്ക്ക് ഒറ്റയ്ക്ക് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 17 സീറ്റുകളും ലഭിച്ചു. എന്നാൽ ഇതേ സ്ഥാനത്ത് ഇൻഡി സഖ്യം നേടിയത് 30 സീറ്റുകൾ ആയിരുന്നു. കഴിഞ്ഞ വർഷം ബിജെപിയ്ക്ക് ഒറ്റയ്ക്കായി 23 സീറ്റുകൾ ആയിരുന്നു ലഭിച്ചിരുന്നത്.
Discussion about this post