അമരാവതി: എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ജൂൺ 12 ന് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ.
ശനിയാഴ്ചയാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുക. ഇതിന് മുന്നോടിയായി വീണ്ടും എൻഡിഎ നേതാക്കളുടെ യോഗം ചേരുന്നുണ്ട്. ഈ തിരക്കുകൾക്കിടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകൾ പിടിച്ചെടുത്ത് കൊണ്ടായിരുന്നു ടിഡിപി വിജയിച്ചത്. 175 അംഗങ്ങൾ ഉള്ള നിയമസഭയിൽ 135 സീറ്റുകൾ ആയിരുന്നു ഡിടിപി സ്വന്തമാക്കിയത്. ജനസേനാ പാർട്ടി 21 സീറ്റുകൾ നേടി. ഭരണകക്ഷിയായിരുന്ന വൈഎസ്ആർകോൺഗ്രസ് പാർട്ടിയ്ക്ക് കനത്ത തിരിച്ചടി ആയിരുന്നു ഇക്കുറി ഉണ്ടായത്. 11 സീറ്റുകൾ മാത്രമായിരുന്നു ഇക്കുറി വൈഎസ്ആർ കോൺഗ്രസ് പാർട്ടിയ്ക്ക് ലഭിച്ചത്. ബിജെപിയ്ക്ക് എട്ട് സീറ്റുകളും ലഭിച്ചു.
അതേസമയം സർക്കാർ രൂപീകരണത്തിനായുള്ള എൻഡിഎയുടെ നീക്കങ്ങൾ തുടരുകയാണ്. നാളെ നടക്കുന്ന യോഗത്തിന് ശേഷം നേതാക്കൾ രാഷ്ട്രപതിയെ കാണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ എൻഡിഎ നേതാക്കൾ യോഗം ചേർന്നിരുന്നു. ഇതിലാണ് വീണ്ടും യോഗം ചേർന്നതിന് ശേഷം രാഷ്ട്രപതിയെ കാണാനുള്ള തീരുമാനം. ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.
Discussion about this post