ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയിട്ടാണ് ബി ജെ പി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത് എന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ ട്രോളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇപ്പോൾ കോൺഗ്രസ് ജയിച്ചപ്പോൾ ആർക്കും തിരഞ്ഞെടുപ്പ് യന്ത്രങ്ങളെ കുറിച്ച് ഒരു പരാതിയും ഇല്ല. അത് കൊണ്ട് തല്ക്കാലം ആ പാവങ്ങൾ (ഇലക്ട്രോണിക് തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ) വിശ്രമിച്ചോട്ടെ എന്നും അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും അവയെ ചീത്ത വിളിക്കാൻ നമുക്ക് തുടങ്ങാമെന്നും രാജീവ് കുമാർ പറഞ്ഞു.
ഇവിഎമ്മിൻ്റെ ഫലം എല്ലാവരുടെയും മുന്നിലുണ്ട്. ആ പാവത്തിനെ എന്തിന് കുറ്റപ്പെടുത്തണം? കുറച്ചു ദിവസം വിശ്രമിക്കട്ടെ. അടുത്ത തിരഞ്ഞെടുപ്പ് വരെ ഇ വി എം വിശ്രമിക്കട്ടെ. അപ്പോൾ അത് പുറത്തുവരും, പിന്നെ ബാറ്ററി മാറും, പിന്നെ പേപ്പറുകൾ മാറും. അപ്പോൾ വീണ്ടും രാഷ്ട്രീയ പാർട്ടികൾ അതിനെ ചീത്ത വിളിക്കും, പക്ഷേ അപ്പോഴും അത് നമുക്ക് റിസൾട്ട് അറിയിക്കും . കഴിഞ്ഞ 20-22 തെരഞ്ഞെടുപ്പുകളായി ഇ വി എമ്മുകൾ അതിന്റെ പണിയെടുക്കുകയാണ്.
ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചൊല്ലി പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനുമായി തർക്കത്തിലായിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 61 എ റദ്ദാക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു.
Discussion about this post