ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലൊരു നേതാവിനെ ആണ് നമ്മുടെ ഭാരതത്തിന് ആവശ്യമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം എത്തിയതാണ് ടിഡിപിയ്ക്ക് ഇത്രയേറെ സീറ്റുകൾ ലഭിക്കാൻ കാരണം ആയത് എന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ ജയിച്ച എല്ലാ എംപിമാർക്കും അഭിനന്ദനങ്ങൾ. കഴിഞ്ഞ മൂന്ന് മാസം നമ്മുടെ പ്രധാനമന്ത്രി വിശ്രമമില്ലാതെ രാവും പകലും പ്രചാരണം നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് മുതൽ അവസാനിക്കുന്നതുവരെ ഒരേ ഊർജ്ജത്തിൽ ആയിരുന്നു അദ്ദേഹം പ്രവർത്തിച്ചത്. ആന്ധ്രയിൽ രണ്ട് യോഗത്തിലും ഒരു മെഗാറാലിയിലും അദ്ദേഹം പങ്കെടുത്തു. ആന്ധ്ര തിരഞ്ഞെടുപ്പിൽ ടിപിഡിയുടെ വൻ വിജയത്തിന് അദ്ദേഹത്തിന്റെ വരവ് കാരണം ആയി.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ആന്ധ്രയിൽ എത്തി. അദ്ദേഹവും ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വരവ് അതുവരെയുണ്ടായിരുന്ന സാഹചര്യം മാറ്റി മറിച്ചു. അതിൽ നന്ദി പറയുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അദ്ധ്യക്ഷൻ നദ്ദയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തി. ഇത് ആളുകളിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ഇന്ന് നമ്മൾ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ നിർണായക സാഹചര്യത്തിലാണ് എത്തി നിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി രാജ്യം വലിയ പുരോഗതി നേടി. പ്രധാനമന്ത്രിയുടെ വീക്ഷണവും അദ്ദഹത്തിന്റെ ആത്മസമർപ്പണവും നമ്മുടെ രാജ്യത്തെ ലോകത്തിന്റെ പവർ ഹൗസ് ആക്കിയെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.
ഒരുപാട് സർക്കാരുകളെ കണ്ടിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദി സർക്കാർ പുതിയ അനുഭവം ആയിരുന്നു. നരേന്ദ്ര മോദിയ്ക്ക് വീക്ഷണങ്ങൾ ഉണ്ട്. അത് ഫലപ്രദമായി അദ്ദേഹം നടപ്പാക്കുന്നു. സത്യസന്ധമായി അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹത്തെപ്പോലൊരു നേതാവിനെയാണ് രാജ്യത്തിന് എല്ലായ്‌പ്പോഴും ആവശ്യം. ഇപ്പോൾ ഇന്ത്യയ്ക്ക് ശരിയായ നേതാവിനെ ലഭിച്ചു. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ അവസരം ആണ്. ഇത് നഷ്ടപ്പെടുത്തിയിരുന്നുവെങ്കിൽ അതൊരു തീരാനഷ്ടം ആയേനെയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
Discussion about this post