ന്യൂഡൽഹി: രാഹുൽ സ്ഥാനം ഒഴിയുന്നതോടെ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സഹോദരിയെ പരിഗണിച്ച് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ വയനാടിൽ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്രയെ മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
റായ്ബറേലിയിൽ വിജയിച്ചതോടെയാണ് വയനാട് ഒഴിയേണ്ട സാഹചര്യം രാഹുലിന് ഉണ്ടാകുന്നത്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലം ആണ് റായ് ബറേലി. ഈ സാഹചര്യത്തിൽ രാഹുൽ റായ്ബറേലി ഒഴിയാൻ സാദ്ധ്യതയില്ല. ഇതോടെയാണ് വയനാട്ടിൽ ആരെ പരിഗണിക്കുമെന്ന ചർച്ചകൾ കോൺഗ്രസിൽ ആരംഭിച്ചത്.
അതേസമയം തൃശ്ശൂരിൽ തോറ്റ കെ. മുരളീധരനെ വയനാട്ടിലേക്ക് പരിഗണിക്കണം എന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ പ്രിയങ്കാ മത്സരിക്കാനൊരുങ്ങുന്നതോടെ വയനാട് കൊടുത്ത് കെ. മുരളീധരന്റെ പിണക്കം മാറ്റാനുള്ള കോൺഗ്രസിന്റെ ശ്രമത്തിനാണ് തിരിച്ചടിയാകുന്നത്.
തൃശ്ശൂരിൽ ഞെട്ടിക്കുന്ന തോൽവിയായിരുന്നു യുഡിഎഫിന് ഉണ്ടായത്. ഇതോടെ പൊതുരംഗത്ത് നിന്നും വിട്ട് നിൽക്കുകയാണ് എന്ന് മുരളീധരൻ പറയുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുരളീധരൻ വിട്ട് നിന്നാൽ അത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് വയനാട് കൊടുത്ത് അനുനയിപ്പിക്കാനുള്ള നീക്കം.
Discussion about this post