ന്യൂഡൽഹി: എല്ലാ ജനങ്ങളുടെയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മൂന്നാം മോദി സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാമതും അവസരം നൽകിയതിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചു. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതിയെ അറിയിച്ചു. ഉടൻ തന്നെ മന്ത്രിമാരുടെ പട്ടിക രാഷ്ട്രപതിയ്ക്ക് കൈമാറും എന്നുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിന് പിന്നാലെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് ആണ്. മൂന്നാംവട്ടവും രാജ്യത്തെ സേവിക്കാൻ ജനങ്ങൾ അവസരം നൽകി. ഇതിൽ ജനങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്ന് വാക്ക് തരുന്നു. കഴിഞ്ഞ രണ്ട് തവണത്തെക്കാളും വേഗത്തിൽ ഇക്കുറി രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവർത്തിക്കും. ഇത് ജനങ്ങൾക്ക് നൽകുന്ന വാക്കാണ്. പത്ത് വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായി. ഇത് ഏതൊരു ഇന്ത്യക്കാരനും അഭിമാനം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം ലോകത്തിന്റെ വിശ്വബന്ധുവായി. അടുത്ത അഞ്ച് വർഷവും രാജ്യത്തിന്റെ ഉയർച്ചയ്ക്കായി പ്രയത്‌നിക്കും. ലോകം മുഴുവൻ പലവിധ പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോകുന്നത്. എന്നാൽ ഇതിനിടയിലും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായി നാം മാറിയെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post