കോപ്പൻഹേഗൻ: ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന് നേരെ ആക്രമണം. രാജ്യതലസ്ഥാനമായ കോപ്പൻഹേഗനിൽ ആയിരുന്നു സംഭവം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ആയിരുന്നു സംഭവം. കോപ്പൻഹേഗനിലെ സെന്റർ സിറ്റി സ്‌ക്വയറിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. കാൽനടയായി എത്തിയ അക്രമി അവിടെ നിൽക്കുകയായിരുന്ന പ്രധാനമന്ത്രിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ മെറ്റെയ്ക്ക് ചികിത്സ നൽകി. സംഭവത്തിന്റെ നടുക്കത്തിലാണ് മെറ്റെ ഇപ്പോഴും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം രണ്ട് ദൃക്‌സാക്ഷികൾ ആണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരുടെ മൊഴിയെടുത്തു.
മെറ്റെ ഫ്രെഡറിക്സെന് നേരെയുണ്ടായ ആക്രമണത്തെ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലയേൻ ശക്തമായി അപലപിച്ചു. നമ്മുടെ വിശ്വാസങ്ങളെയെല്ലാം തകർത്ത് കൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടായത് എന്നാണ് ലയർ സംഭവത്തോട് പ്രതികരിച്ചത്.
Discussion about this post