പണ്ട് ലാലേട്ടൻ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞതുപോലെ നമുക്ക് ചോദിച്ച് ചോദിച്ച് പോകുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ചോദ്യം മുഴുവൻ ഗൂഗിളിനോടാണ്. വഴികാട്ടിയായി ഡോറയ്ക്ക് മാപ്പുള്ളത് പോലെ നമുക്ക് ഗൂഗിൾ മാപ്‌സുണ്ട്. ഇടയ്ക്ക് എളുപ്പ വഴി കണ്ടുപിടിച്ച് വല്ല തോട്ടിലും ഇറക്കാറുണ്ടെങ്കിൽ ജോലിയൊക്കെ വെടിപ്പായി ചെയ്യാറുണ്ട് ആശാൻ. ഇപ്പോഴിതാ ദൂഗിൾ മാപ്പ് അടിമുടിമാറാൻ ഒരുങ്ങുകയാണ്.
ഴിഞ്ഞ വർഷം ഡിസംബറിൽ, ക്ലൗഡിന് പകരം ഉപകരണത്തിൽ ഉപയോക്താക്കളുടെ ഡാറ്റ സംഭരിക്കാൻ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ മാറ്റം ഇപ്പോൾ ലോകമെമ്പാടുമുള്ള ഗൂഗിൾ മാപ്സ് ഉപയോക്താക്കൾക്ക് ബാധകമാണ്. ലൊക്കേഷൻ ഹിസ്റ്ററി ഡാറ്റ സ്റ്റോറേജ് മാറുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ഡാറ്റയിൽ കൂടുതൽ നിയന്ത്രണം നൽകാൻ ഗൂഗിൾ ലക്ഷ്യമിടുന്നു.
ക്ലൗഡിൽ നിന്ന് മാറ്റി ഫോണിൽ തന്നെ യൂസർ ഡാറ്റ വിവരങ്ങൾ സേവ് ചെയ്തുവെക്കാൻ സംവിധാനമൊരുക്കും എന്ന് ഗൂഗിൾ മാപ്പ് നടത്തിയ പ്രഖ്യാപനം ലോക വ്യാപകമായി നിലവിൽ വന്നതായാണ് റിപ്പോർട്ടുകൾ.
ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ സേവ് ചെയ്യുന്നതിൽ ഗൂഗിൾ മാപ്പ് നടപ്പിലാക്കിയിരിക്കുന്ന മാറ്റം വലിയ ഇംപാക്ടാണ് സൃഷ്ടിക്കുക. ഇതോടെ യൂസർമാർക്ക് തങ്ങളുടെ ഡാറ്റയിൻമേൽ കൂടുതൽ നിയന്ത്രണമുണ്ടാകും. എന്നാൽ ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾക്ക് ഇത് തടസം സൃഷ്ടിച്ചേക്കും. നിലവിൽ കേസുകളിലെ അന്വേഷങ്ങൾക്കായി ഗൂഗിൾ മാപ്പിലെ വിവരങ്ങൾ വ്യാപകമായി അന്വേഷണ ഏജൻസികൾ ശേഖരിക്കാറുണ്ട്. പുതിയ മാറ്റത്തോടെ ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ ഹിസ്റ്ററി ഇനി മുതൽ ടൈംലൈൻ എന്നാണ് കാണുക. ദിവസം, ട്രിപ്‌സ്, ഇൻസൈറ്റ്‌സ്, സ്ഥലങ്ങൾ, സിറ്റികൾ, ലോക രാജ്യങ്ങൾ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഇതിൽ കാണാനാകും. ഏതെങ്കിലുമൊരു യാത്രാ സംവിധാനത്തിൽ എത്ര ദൂരം സഞ്ചരിച്ചു എന്ന വിവരം ഗൂഗിൾ നൽകും.












