ടെൽ അവീവ് : ഗാസയിൽ നിന്നും നാല് ബന്ദികളെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടയിൽ തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാല് പേരെയാണ് ഇസ്രായേൽ സൈന്യം ജീവനോടെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ നാല് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ഇവരെ ഉടൻതന്നെ ബന്ധുക്കളെ ഏൽപ്പിക്കും എന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഒക്ടോബർ 7ന് ഇസ്രായേലിൽ നടന്നിരുന്ന നോവ സംഗീതോത്സവത്തിന് ഇടയിൽ നിന്നും ഹോമാസ് ഭീകരർ തട്ടിക്കൊണ്ടു പോയവർ ആയിരുന്നു ഈ നാലുപേർ. നോവ അർഗമണി (25), അൽമോഗ് മെയർ ജാൻ (21), ആൻഡ്രി കോസ്‌ലോവ് (27), ഷ്‌ലോമി സിവ് (40) എന്നിവയാണ് ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും രക്ഷിച്ചത്. സെൻട്രൽ ഗാസയിലെ നുസൈറാത്തിൻ്റെ പ്രധാന പ്രദേശത്തുള്ള രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുമാണ് ഈ നാല് പേരെയും രക്ഷിക്കാൻ കഴിഞ്ഞതെന്നാണ് ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധം എട്ട് മാസം പിന്നിടുമ്പോഴാണ് ഇസ്രായേൽ സൈന്യം അപൂർവമായ ഈ രക്ഷാപ്രവർത്തനം നടത്തിയിരിക്കുന്നത് . ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിലെ സംഗീതോത്സവത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഹമാസ് തീവ്രവാദികൾ 251 പേരെയാണ് ബന്ദികളാക്കി ഗാസയിലേക്ക് കടത്തിയിരുന്നത്. ഇവരിൽ 40 ഓളം പേർ കൊല്ലപ്പെടുകയും നൂറോളം പേരെ വെടി നിർത്തലിന്റെ ഭാഗമായി നേരത്തെ ഇസ്രായേലിന് കൈമാറുകയും ചെയ്തിരുന്നു. ഇനിയും നൂറോളം ബന്ദികൾ പലസ്തീനിലെ വിവിധ ഭാഗങ്ങളിലായി ഉണ്ട് എന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്.
Discussion about this post