ന്യൂഡൽഹി: പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും ഇന്ത്യയിൽ. ഇന്ന് രാവിലെയോടെയാണ് മുയിസു രാജ്യത്ത് എത്തിയത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറി പവൻ കപൂർ സ്വീകരിച്ചു.
മാലിദ്വീപ് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയ വിവരം വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പുറത്തുവിട്ടത്. മുയിസുവിനെ വിദേശകാര്യ സെക്രട്ടറി വിമാനത്താവളത്തിൽ എത്തി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയും മാലിദ്വീപും അയൽക്കാരാണെന്നും, സമുദ്ര മേഖലയിലെ പങ്കാളികൾ ആണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുയിസുവിന് ക്ഷണം നൽകിയത്. ഉടൻ തന്നെ ക്ഷണം മുയിസു സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം വീണ്ടും മികച്ചതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുയിസു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നത് എന്നാണ് സൂചന.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെക്കുറിച്ച് മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ- മാലിദ്വീപ് ബന്ധത്തിൽ വിള്ളൽ വീണത്. മാലിദ്വീപ് തുടർന്ന് സ്വീകരിച്ച പ്രകോപനപരമായ നിലപാടുകൾ ആയിരുന്നു ഇതിന് കാരണം ആയത്. എന്നാൽ പിന്നീട് ഇന്ത്യയുമായി അടുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു മാലിദ്വീപ്.
Discussion about this post