ബിജെപിയ്‌ക്കൊപ്പം നാലര വർഷക്കാലം നീണ്ട രാഷ്ട്രീയ ജീവിതം. ഇക്കാലയളവിൽ തേടിയെത്തിയത് പാർട്ടിയ്ക്കുള്ളിലെ നിരവധി പദവികൾ. അണിയായും അമരക്കാരനായും ബിജെപിയ്‌ക്കൊപ്പം നില കൊണ്ട ജോർജ് കുര്യനെന്ന കോട്ടയംകാരനെ ഇപ്പോൾ തേടിയെത്തിയത് അർഹിക്കുന്ന അംഗീകാരം.
മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലേക്കുളള സർപ്രൈസ് എൻട്രി ആയിരുന്നു കേരളത്തിലെ മുതിർന്ന ബിജെപി നേതാവ് ജോർജ് കുര്യന്റേത്. സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കേരളത്തിൽ നിന്നുള്ള രണ്ടാം കേന്ദ്ര മന്ത്രിയായി ജോർജ് കുര്യന്റെ പേര് ഉയർന്ന് കേട്ടത്. ഇക്കുറി കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയാകാൻ തൃശ്ശൂരിൽ നിന്നുള്ള എംപി സുരേഷ് ഗോപിയ്‌ക്കൊപ്പം മറ്റൊരു മന്ത്രി കൂടി ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതോടൊപ്പം ബിജെപി നേതാക്കളുടെ പേരുകളും ഉയർന്നുവന്നു. എന്നാൽ ജോർജ് കുര്യന്റെ പേര് സംസ്ഥാന നേതൃത്വത്തെ മാത്രമല്ല അദ്ദേഹത്തിനും കുടുംബത്തിനും സർപ്രെസെസ് ആയിരുന്നു.
കോട്ടയം ജില്ലയിലെ കണക്കാരി എന്ന ചെറു ഗ്രാമത്തിൽ ആയിരുന്നു ജോർജ് കുര്യന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ 1997 ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി ജനതയിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ചു. 1980 ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ ബിജെപിയൊപ്പമാണ് ജോർജ് കുര്യൻ. കേവലം 19 വയസ്സ് മാത്രമായിരുന്നു പൊതുരംഗത്തേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.
യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബമായിരുന്നു ജോർജ് കുര്യന്റേത് അതുകൊണ്ട് തന്നെ ഹിന്ദു അനുഭാവമുള്ള രാഷ്ട്രീയ സംഘടനയിൽ ചേരുന്നത് കുടുംബത്തിൽ നിന്നും പുറത്ത് നിന്നും വലിയ എതിർപ്പും ഭീഷണിയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. എന്നാൽ ഇതെല്ലാം മറികടന്ന് കൊണ്ട് വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ തന്നെ അദ്ദേഹം ഉറച്ച് നിൽക്കുകയായിരുന്നു. ബിഎസ് സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ആരംഭം മുതൽ തന്നെ പാർട്ടിയുടെ സജീവ പ്രവർത്തകനാണ് ജോർജ് കുര്യൻ. അണിയിൽ നിന്നും അമരക്കാരനാകാൻ അദ്ദേഹത്തിന് അവസരം നൽകിയതും അദ്ദേഹത്തിന്റെ സജീവമായ രാഷ്ട്രീയ ഇടപെടലാണ്. മാദ്ധ്യമ ചർച്ചകളിൽ ബിജെപിയുടെ മുഖമാണ് ജോർജ് കുര്യൻ.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിലും പ്രവർത്തിച്ചു. എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്‌സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി ആയപ്പോൾ ഒ രാജഗോപാലിന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗം ആയിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ തർജ്ജമ ചെയ്തു നൽകാനുള്ള ദൗത്യവും അദ്ദേഹത്തിനാണ്.
തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനുള്ള നിയോഗവും ജോർജ് കുര്യന് ലഭിച്ചിട്ടുണ്ട്. കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടി. പുതുപ്പള്ളിയിൽ ആയിരുന്നു നിയമസഭയിലേക്കുള്ള കന്നിയംഗം. കോൺഗ്രസിന്റെ അതികായനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ പക്ഷെ അദ്ദേഹം പരാജയം നേരിട്ടു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണ് ജോർജ് കുര്യനുള്ളത്
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയ്ക്കാണ് അദ്ദേഹത്തിന് സ്ഥാനം ലഭിക്കുന്നത്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടർമാർക്ക് വലിയ പങ്കാണ് ഉള്ളത്. ഇതിനോടുള്ള നന്ദി സൂചകമായിട്ടാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രസ്ഥാനമെന്നും വിലയിരുത്തലുണ്ട്. ക്രിസ്തീയ വിശ്വാസികളിൽ ബിജെപിയ്ക്ക് സ്വാധീനം നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
ജോർജ് കുര്യൻ കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തുന്നതോടെ കേരളത്തിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിനെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾ ആണ്. കേന്ദ്രസർക്കാരിനും ക്രിസ്ത്യൻ വിശ്വാസികൾക്കുമിടയിലെ പാലമാകാൻ അദ്ദേഹത്തിന് സാധിക്കും. കേരളത്തിന് വേണ്ടിയുള്ള വലിയ ചുമതലകൾ നിറവേറ്റാൻ കൂടിയാണ് അദ്ദേഹം കേന്ദ്രമന്ത്രിയായി ഡൽഹിയിൽ എത്തുന്നത്.
Discussion about this post