ന്യൂഡൽഹി : കഴിഞ്ഞ 10 വർഷമായുള്ള ഇന്ത്യയുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിശയകരമായ രീതിയിൽ വളർന്നുവെന്നും അടിസ്ഥാന സൗകര്യ വികസനം – വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽ, കടൽപ്പാതകൾ എന്നിവയിൽ വികസനം ഏറെ മുന്നോട്ടു കുതിച്ചു എന്നും ഷെറിംഗ് ടോബ്‌ഗേ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്താൻ സാധിച്ചതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഇന്ത്യയുടെ വിജയകരമായ വിദേശ നയങ്ങൾ എന്നും ഷെറിംഗ് ടോബ്‌ഗേ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എഫ്ഡിഐ മേഖലയിൽ ധാരാളം വിദേശ നിക്ഷേപം കൊണ്ടുവരാൻ മോദിക്കായി. ഉൽപ്പാദനം, പുനരുപയോഗ ഊർജം, പ്രത്യേകിച്ച് സൗരോർജ്ജം, കൃഷി, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിലും ഇന്ത്യ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവയ്ക്കുന്നത്. ഇക്കാരണങ്ങളാൽ കൊണ്ട് തന്നെ അടുത്ത അഞ്ചുവർഷവും നരേന്ദ്രമോദിയിൽ നിന്നും ഏറ്റവും മികച്ച ഭരണം തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഷെറിംഗ് ടോബ്‌ഗേ അഭിപ്രായപ്പെട്ടു.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭൂട്ടാൻ രാജാവിനെയും ഭൂട്ടാനിലെ ജനങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ടോബ്ഗേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ ഇന്നലെ രാവിലെയാണ് തലസ്ഥാനത്ത് എത്തിച്ചേർന്നത് . വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പവൻ കപൂർ ആണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
Discussion about this post