ന്യൂഡൽഹി: രാജ്യത്തിന്റെയും ജനതയുടെയും വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്കായി മൂന്നാം മോദി സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തോടെ പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുതിയ മന്ത്രിസഭയിൽ ഏഴ് വനിതാ എംപിമാരാണ് ഇക്കുറി സ്ഥാനം പിടിച്ചിരിക്കുന്നത്.
മുൻ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇക്കുറിയും മന്ത്രിസഭയിൽ അംഗമാണ്. നിർമ്മലാ സീതാരാമന് പുറമേ ബിജെപി എംപിമാരായ അന്നപൂർണ ദേവി, ശോഭാ കരന്തലജെ, രക്ഷ ഖാദ്‌സെ, സാവിത്രി താക്കൂർ, നിമുബെൻ ബമ്ഭാനിയ, അപ്‌ന ദൾ എംപിയായ അനുപ്രിയ പട്ടേൽ എന്നിവരാണ് മറ്റ് മന്ത്രിമാർ. ഇതിൽ നിർമ്മലാ സീതാരാമനും അന്നപൂർണ ദേവിയ്ക്കുമാണ് ക്യാബിനറ്റ് പദവി ഉള്ളത്. മറ്റ് അഞ്ച് പേരും സഹമന്ത്രിമാരാണ്.
സഹമന്ത്രിസ്ഥാനമുള്ള അഞ്ച് പേരും മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. കഴി്ഞ്ഞ വർഷം സഭയിൽ ഉണ്ടായിരുന്ന സ്മൃതി ഇറാനി, ഭാരതി പവാർ, ശാന്ത്‌വി നിരജ്ഞന ജ്യോതി, ദർശന ജർദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൗമീക് എന്നിവർ ഇക്കുറി മന്ത്രിസഭയിൽ ഇല്ല.
18ാമത് ലോക്‌സഭയിൽ 74 വനിതാ എംപിമാരാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നാല് എംപിമാരുടെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 2019 ൽ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപി രമ്യ ഹരിദാസ് ഉൾപ്പെടെ 78 പേരായിരുന്നു ഉണ്ടായിരുന്നത്.
മൂന്നാം മോദി മന്ത്രിസഭയിൽ 72 മന്ത്രിമാരാണ് ഉള്ളത്. ഇതിൽ 30 പേർക്ക് ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്. 36 പേർ സഹമന്ത്രിമാരാണ്. അഞ്ച് പേർക്ക് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയും നൽകിയിട്ടുണ്ട്.
Discussion about this post