തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭീഷണിയുമായി സിഐടിയു. ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പിന്നെ പുറത്തിറങ്ങില്ല എന്ന് സിഐടിയു വെല്ലുവിളിച്ചു. മറ്റു മന്ത്രിസഭകളിൽ ഇരുന്നിരുന്ന എക്സ്പീരിയൻസ് വെച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിയുവിന് അറിയാം എന്നും ഡ്രൈവിംഗ് സ്കൂൾ യൂണിയൻ സംസ്ഥാന പ്രസിഡണ്ടും സിപിഎം നേതാവുമായ കെ കെ ദിവാകരൻ വ്യക്തമാക്കി.
ഡ്രൈവിംഗ് പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു കെ കെ ദിവാകരൻ ഗതാഗത മന്ത്രിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.
സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലർ പുറത്തിറക്കിയത് എന്നാണ് ഗതാഗത മന്ത്രി പറയുന്നത്. എന്നാൽ പച്ചക്കള്ളമാണ് ഇത്. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന് കാര്യത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല എന്ന് സിഐടിയു ജനറൽ സെക്രട്ടറി അനിൽകുമാറും വ്യക്തമാക്കി.
ഗതാഗത മന്ത്രി ഗണേഷ് കുമാർ പ്രവർത്തിക്കുന്നത് വൻകിട മുതലാളിമാർക്ക് വേണ്ടിയാണ്. സ്വയംതൊഴിൽ കണ്ടെത്തിയിട്ടുള്ളവരെ പട്ടിണിക്കിടുകയാണ്. സംസ്ഥാനത്ത് ഒരു രണ്ടര ലക്ഷം പേരാണ് ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഗണേഷ് കുമാർ മറ്റ് പല മന്ത്രിസഭകളിലും പ്രവർത്തിച്ചിട്ടുണ്ടാകാം. എന്നാൽ ആ എക്സ്പീരിയൻസ് വെച്ച് എൽഡിഎഫിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിയുവിന് അറിയാം എന്നും കെ കെ ദിവാകരൻ വ്യക്തമാക്കി.
Discussion about this post