ന്യൂഡൽഹി : ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവുമായി കേന്ദ്രമന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുയിസു. മുയുസുവിൻറെ ഈ സന്ദർശനത്തോടെ അടുത്ത കാലത്തായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലെ അസ്വാരസ്യങ്ങൾ നീങ്ങുമെന്നാണ് നയതന്ത്രജ്ഞർ വിരൽചൂണ്ടുന്നത്.
മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വിദേശ രാഷ്ട്രത്തലവന്മാർക്കായി പ്രസിഡൻറ് ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം മാലദ്വീപ് പ്രസിഡൻറ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംസാരിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ, ധനമന്ത്രി മുഹമ്മദ് ഷഫീഖ് എന്നിവരും മുയിസുവിനൊപ്പമുണ്ടായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ തന്നെ, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുമായി അടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുയിസുവിൻറെ ഓഫിസ് അറിയിച്ചിരുന്നു. ഇന്ത്യ-മാലദ്വീപ് ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും സന്ദർശനത്തിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള പുതിയ വഴികൾ തേടുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് മാലിദ്വീപ് പ്രസിഡണ്ടും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ഊന്നൽ നൽകിയത് എന്നാണ് സൂചന. പ്രധാനമന്ത്രി മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ചരിത്രപരമായ ചടങ്ങിൽ പങ്കെടുക്കാനായത് അഭിമാനകരമാണെന്ന് ആലിദീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഇപ്പോൾ പോസിറ്റീവ് ദിശയിലൂടെയാണ് നീങ്ങുന്നത് എന്നും മുഹമ്മദ് മുയ്‌സുവിന്റെ ഓഫീസ് വ്യക്തമാക്കി.
Discussion about this post