ന്യൂഡൽഹി : വ്യോമയാന മേഖലയിലെ സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യങ്ങൾക്കും മുൻഗണന നൽകുകയാണ് മന്ത്രി എന്ന നിലയിലുള്ള ലക്ഷ്യമെന്ന് മൂന്നാം മോദി സർക്കാരിലെ വ്യോമയാന മന്ത്രിയായ രാം മോഹൻ നായിഡു. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ ചുമതല നിർവഹിച്ചിരുന്ന വ്യോമയാന വകുപ്പാണ് എൻഡിഎ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ടിഡിപി എംപി രാം മോഹൻ നായിഡുവിന് ലഭിച്ചിരിക്കുന്നത്. യുവാവ് എന്ന നിലയിൽ തനിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ആകും എന്ന് വിശ്വസിക്കുന്നതായും നായിഡു വ്യക്തമാക്കി.
വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു രാം മോഹൻ നായിഡു തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. തെലുങ്കുദേശം പാർട്ടിക്ക് എൻഡിഎ സർക്കാരിൽ നൽകുന്ന ബഹുമാനം അഭിമാനകരമാണെന്നും നായിഡു അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി വിശേഷിപ്പിച്ചതുപോലെ ടി ഡി പി യും എൻഡിഎയും തമ്മിലുള്ള ബന്ധം ഒരു ഫെവിക്കോൾ ബന്ധം തന്നെയാണ്. വെറും അഞ്ചുവർഷത്തേക്ക് മാത്രമല്ല അതിൽ കൂടുതൽ ഈ ബന്ധം നിലനിൽക്കുക തന്നെ ചെയ്യും എന്നും രാം മോഹൻ നായിഡു വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 327901 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാം മോഹൻ നായിഡു വൈഎസ്ആർസിപി സ്ഥാനാർത്ഥി തിലക് പേരടയെ പരാജയപ്പെടുത്തിയത്. 36 വയസ്സുകാരനായ നായിഡു മൂന്നാം തവണയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായ സ്ഥാനാർഥി കൂടിയായിരുന്നു രാം മോഹൻ നായിഡു. മൂന്നാം നരേന്ദ്രമോദി സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയാണ് അദ്ദേഹം.
Discussion about this post