ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിച്ച് ജൂലൈ 3ന് അവസാനിക്കും. 9 ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ സ്പീക്കർ തിരഞ്ഞെടുപ്പും നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്ജു അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കും. രാജ്യസഭയുടെ 264-ാമത് സമ്മേളനം ഈ ജൂൺ 27 മുതൽ ജൂലൈ 3 വരെ നടക്കും.
27ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ സർക്കാരിന്റെ റോഡ് മാപ്പിന്റെ രൂപരേഖ അവതരിപ്പിച്ചേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭയെ പാർലമെന്റിൽ അവതരിപ്പിക്കും.
അതേസമയം കേന്ദ്ര, സഹ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവർ അതത് ഓഫീസുകളിലെത്തി ചുമതലയേറ്റു. കേരളത്തിൽ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ജയശങ്കർ എന്നിവർ ഇന്നലെ ചുമതലയേറ്റിരുന്നു. ഇന്ന് നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായും കേന്ദ്ര മന്ത്രി ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിൻ ഗഡ്ഗരിയും ചുമതലയേറ്റു.
Discussion about this post