ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ തോൽവിയിൽ പാകിസ്താൻ ടീമിനെയും ക്യാപ്റ്റൻ ബാബർ അസമിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ നായകൻ വസീം അക്രം. സീനിയർ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇഫ്തീഖർ അഹമ്മദും ഫഖർ സമനുമെല്ലാം സാഹചര്യങ്ങൾ മനസിലാക്കി കളിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാജ്യാന്തര ക്രിക്കറ്റിൽ 10 വർഷമായി കളിക്കുന്ന ഇവരെ എന്ത് പഠിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയശേഷം ഷഹീൻ അഫ്രീദിയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും കണ്ടാൽ മിണ്ടാറില്ല. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. രാജ്യത്തിനായാണ് നിങ്ങൾ കളിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരെ വീട്ടിലിരുത്തുകയാണ് വേണ്ടതെന്നും അക്രം പറഞ്ഞു. പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ഇനിയും പിന്തുണയ്ക്കാൻ തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ടീമിലെ തങ്ങളുടെ സ്ഥാനത്തിന് ഇളക്കമൊന്നും വരില്ലെന്നാണ് പാക് താരങ്ങൾ കരുതുന്നത്. കോച്ചിനെയോ സപ്പോർട്ട് സ്റ്റാഫിനെയോ മാത്രമെ പാക് ക്രിക്കറ്റ് ബോർഡ് മാറ്റൂ. എന്നാൽ കോച്ചിനെ മാത്രമല്ല, ടീമിനെ ഒന്നാകെ മാറ്റേണ്ട സമയമായി. വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം ടീമിലെ താരങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കുകപോലും ചെയ്യുന്നില്ലെന്നും അക്രം തുറന്നടിച്ചു. ”പാകിസ്താൻ ടീമിൽ ഒരു മാറ്റം കൊണ്ടുവരാൻ എനിക്കു സാധിക്കില്ല. അത് അവരിൽനിന്നു തന്നെ ഉണ്ടാകേണ്ട കാര്യമാണ്. പാക്കിസ്ഥാൻ ടീമിനെ ഞാൻ ആവശ്യത്തിനു പിന്തുണച്ചുകഴിഞ്ഞു. അതുമതിയാകും. ഇത് വൈറലായാലും എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post