ന്യൂഡൽഹി : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം അയയ്ക്കും. വ്യോമസേനയുടെ സി130ജെ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റിലേക്ക് പുറപ്പെടുന്നത്. കുവൈറ്റിലെ ഔദ്യോഗിക നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് ഐഎഎഫ് അറിയിച്ചു.
കുവൈറ്റ് തീപിടുത്ത വിവരം അറിഞ്ഞ ഉടൻതന്നെ കുവൈറ്റിലേക്ക് തിരിച്ച വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. അപകടത്തിൽ പരിക്കേറ്റവരുമായും വിദേശകാര്യ സഹമന്ത്രി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയോടെ തന്നെ മരിച്ച എല്ലാവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും എന്നാണ് കുവൈറ്റ് അധികൃതർ നൽകുന്ന വിവരം. ഔദ്യോഗിക നടപടികൾ പൂർത്തിയായാൽ ഉടൻ തന്നെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും മൃതദേഹങ്ങൾ പ്രത്യേക വ്യോമസേന വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കും.
കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ പ്രത്യേക ഡിഎൻഎ പരിശോധന നടത്തിയ ശേഷം ആയിരിക്കും മൃതദേഹങ്ങൾ കൊണ്ടുവരിക എന്നും വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് അറിയിച്ചു.
Discussion about this post