എറണാകുളം : കുവൈറ്റിൽ എൻബിടിസി കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തി എൻബിടിസി എംഡി കെജി എബ്രഹാം. കമ്പനിയുടെ ഭാഗത്ത് നിന്നും പിഴവുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരെ എല്ലാം കുടുംബാംഗങ്ങളെ പോലെയാണ് താൻ കണ്ടിരുന്നത്. അപകടം ബാധിക്കപ്പെട്ടവർക്ക് എല്ലാ പിന്തുണയും സഹായവും നൽകുമെന്നും കെജി എബ്രഹാം അറിയിച്ചു.
കുവൈറ്റിൽ ഉണ്ടായ തീപിടുത്തം ദൗർഭാഗ്യകരമായ സംഭവമായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതർ നേരിട്ടു പോയി കാണും. അപകടം പറ്റിയ എല്ലാവർക്കും എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുന്നതായിരിക്കും. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. നിയമവിധേയമായി തന്നെയാണ് ജീവനക്കാരെ ഈ കെട്ടിടത്തിൽ താമസിപ്പിച്ചിരുന്നത്. എങ്കിലും അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും കമ്പനി ഏറ്റെടുക്കുന്നു എന്നും കെജി എബ്രഹാം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ പ്രതികരിച്ചു.
വാർത്താ സമ്മേളനത്തിനിടെ ഏറെ വികാരാധീനനായി പൊട്ടിക്കരഞ്ഞു കൊണ്ടാണ് കെജി എബ്രഹാം സംസാരിച്ചത്. തന്റെ കമ്പനിയിലെ എല്ലാ ജീവനക്കാരെയും സ്വന്തം കുടുംബങ്ങളെ പോലെയാണ് കണ്ടിരുന്നത്. അവരുടെ എല്ലാ ആവശ്യങ്ങൾക്കും പിന്തുണ നൽകിയിരുന്നു. ജീവനക്കാരുടെ കുട്ടികൾക്കുള്ള ഉപരിപഠനത്തിനും കമ്പനി എല്ലാ പിന്തുണയും സഹായങ്ങളും നൽകി വന്നിരുന്നു. ഇത്തരത്തിൽ ഉപരിപഠനം പൂർത്തിയാക്കി വരുന്നവർക്ക് ജോലി നൽകാനും കമ്പനി തയ്യാറായിരുന്നു. എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയും കമ്പനി നൽകുന്നുണ്ട്. കുവൈറ്റിൽ അപകടം ഉണ്ടായ സമയത്ത് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നല്ല രീതിയിൽ ഉള്ള ഇടപെടൽ ആണ് ഉണ്ടായത്. അക്കാര്യത്തിൽ നന്ദി അറിയിക്കുന്നു എന്നും കെജി എബ്രഹാം വ്യക്തമാക്കി.
Discussion about this post