അടിപൊളി ക്യാമറ ഫീച്ചറുകളും സ്‌റ്റോറേജ് കപ്പാസിറ്റിയുമൊക്കെയായി ഒാരോ നിമിഷവും പലതരം ഫോണുകൾ വിപണികളിൽ ഇറങ്ങുന്നുണ്ടെങ്കിലും ഈ ഫോണുകളിലെ ഒന്നിലെയും ബാറ്ററി കപ്പാസിറ്റി പലർക്കും സംതൃപ്തി നൽകാറില്ല. മിക്ക ഫോണുകളും നൽകുന്ന ബാറ്ററി കപ്പാസിറ്റി 5000 എംഎഎച്ച് ആണ്. ഈ സാഹചര്യങ്ങളിൽ പവർ ബാങ്ക് കൊണ്ടു നടക്കലാണ് പലരും ചെയ്യുക പതിവ്.
ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മുൻനിര സ്മാർട്ട് ഫോൺ ബ്രാൻഡായ വൺ പ്ലസ്. ‘ഗ്ലേഷ്യർ ബാറ്ററി’ എന്ന സാങ്കേതികവിദ്യ വൺ പ്ലസ് അവതരിപ്പിക്കാൻ പോവുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വൺ പ്ലസിന്റെ ഏത് മോഡലിൽ ആണ് ഈ ഫീച്ചർ കൊണ്ടു വരിക എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. വ്യാഴാഴ്ച്ച ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തു വിടുമെന്നാണ് വിവരം.
ലോകത്തെ വൻകിട ബാറ്ററി നിർമാണ കമ്പനികളിൽ ഒന്നായ സിഎടിഎല്ലുമായി സഹകരിച്ചാണ് വൺ പ്ലസ് പുതിയ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. വൺ പ്ലസ് എയ്‌സ് 3 പ്രോയിലായിരിക്കും ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുക എന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്തായാലും ഇതേപറ്റിയുള്ള കൂടുതൽ വിവരങ്ങൾ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ കമ്പനി അറിയിക്കും.
Discussion about this post