ബംഗളൂരു: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത പാക്കേജിൽ മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടി ദമ്പതികൾ. ബംഗളൂരുവിലാണ് സംഭവം. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഓൺലൈനിൽ ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തിരുന്നു, എന്നാൽ അവരുടെ പാക്കേജിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടുകയായിരുന്നു. പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായി. പാക്കേജിനുള്ളിലെ പാമ്പിന്റെ വിഡിയോ ഇരുവരും ഷൂട്ട് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്തത്. പാക്കേജ് ആമസോൺ ഡെലിവറി ബോയ് നേരിട്ട് കൈമാറുകയായിരുന്നു. പിന്നീട് ഇത് തുറന്നപ്പോഴാണ് പാമ്പുള്ള വിവരം മനസിലായത്. സംഭവം ഉടൻ ആമസോണിനെ അറിയിച്ചെങ്കിലും ആദ്യം നടപടികളൊന്നും ഉണ്ടായില്ലെന്ന് ദമ്പതികൾ പറയുന്നു. തുടർന്ന് വിഡിയോ ഉൾപ്പടെയുള്ള തെളിവുകൾ കൈമാറിയപ്പോൾ റീഫണ്ട് നൽകിയെന്നും ദമ്പതികൾ പറഞ്ഞു. എന്നാൽ, വിഷയത്തിൽ കമ്പനി നഷ്ടപരിഹാരം നൽകുകയോ പരസ്യക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു.
Discussion about this post