ദിവസത്തിൽ ഒരു നേരം എങ്കിലും ചോറില്ലാതെ പറ്റാത്ത ആളുകളാണ് മലയാളികൾ. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ചോറ് തിരഞ്ഞ് നടക്കും. ചോറും സാമ്പാറും മീൻ കറിയുമെല്ലാം കൂട്ടി ഒരു പിടിപിടിയ്ക്കാനാണ് നമുക്ക് ഇഷ്ടം. എന്നാൽ ആരോഗ്യവുമായി ബന്ധിപ്പിക്കുമ്പോൾ ചോറിന് അത്ര നല്ല പേരൊന്നുമല്ല ഉള്ളത്. പ്രമേഹം, അമിത വണ്ണം എന്നിവയ്ക്ക് ചോറ് കാരണം ആകുന്നുവെന്നാണ് പഠനം. അതുകൊണ്ട് തന്നെ പല രോഗങ്ങൾക്കും ചോറ് ഉപേക്ഷിക്കലാണ് ഡോക്ടർമാർ കുറിയ്ക്കാറുള്ള പ്രതിവിധി.
കഴിക്കാൻ ഇഷ്ടമാണ് എങ്കിലും ചോറ് വയ്ക്കുക എന്നത് വലിയ കഷ്ടപ്പാടായിട്ടാണ് വീട്ടമ്മമാർ പൊതുവെ പറയാറുള്ളത്. അതുകൊണ്ടുതന്നെ രണ്ട് ദിവസത്തേക്കുള്ള ചോറ് വച്ച് ഫ്രിഡ്ജിൽ അത് സൂക്ഷിക്കുന്നവർ ഉണ്ട്. ജോലിക്കാർക്കാണ് ഇതിൽ ഒന്നാം സ്ഥാനം. എന്നാൽ ഇങ്ങിനെ ഫ്രിഡ്ജിൽ വച്ച ചോർ വീണ്ടും ചൂടാക്കി കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അതിവേഗത്തിൽ പൂപ്പൽ വരുന്ന ഭക്ഷണമാണ് ചോറ്. അതുകൊണ്ടാണ് ഇവ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പറയുന്നത്. ഒരു ദിവത്തിൽ കൂടുതൽ ചോറ് സൂക്ഷിക്കുന്നത് അതിൽ പൂപ്പൽ വരാൻ ഇടയാക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഇത് സംഭവിക്കും. ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുമ്പോൾ കാണുന്ന വഴുവഴുപ്പാണ് ഈ പൂപ്പൽ. ദിവസങ്ങളോളം ചോറ് ഫ്രിഡ്ജിൽ വയ്ക്കുകയും അത് ചൂടാക്കി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ അധിക അളവിൽ പൂപ്പൽ ശരീരത്തിനകത്തേക്ക് എത്തും. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും.
അതേസമയം ചോറ് ചൂടാക്കി ഉപയോഗിക്കുന്നതും നല്ലതല്ലെന്നും വിദഗ്ധർ പറയുന്നു. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പതിവായി ചൂടാക്കുന്നത് രോഗങ്ങൾക്ക് കാരണം ആകും.
Discussion about this post