തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ബിനോയിക്കെതിരെ 312-ാം വകുപ്പ് ചുമത്തി പോലീസ്. അനധികൃത ഗർഭഛിദ്രത്തിന് ശ്രമിച്ചതിനാണ് 312-ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിൽ പോക്സോ വകുപ്പും പ്രതിക്കെതിരെ ചുമത്തിയിരുന്നു.
21 വയസ്സുകാരനായ പ്രതി ബിനോയിയും ഇരയായ പെൺകുട്ടിയും തമ്മിൽ മൂന്നുവർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ കാലയളവിൽ വീട്ടിലും റിസോർട്ടിലും വെച്ച് പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ബിനോയിയുടെ ഫോണിൽ നിന്നും വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നും ലഭിച്ചതായാണ് പോലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പ്രതി ബിനോയ് പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനായുള്ള ഗുളികകൾ നൽകിയിരുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചിരുന്നത്. വാദം കേട്ട കോടതി പ്രതിയെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ 16നായിരുന്നു ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത്.
Discussion about this post