മലപ്പുറം : കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ യാത്രക്കാരായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോയിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ആണ് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിച്ചത്.
പുൽപ്പറ്റ ഒളമതിൽ സ്വദേശിയായ അഷ്റഫ് (44), ഭാര്യ സജിയ (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. മകളുടെ പ്ലസ് വൺ അഡ്മിഷനായി മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു കുടുംബത്തിന് അപകടമുണ്ടായത്. ഓട്ടോറിക്ഷ തെറ്റായ ദിശയിൽ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്നും സൂചനയുണ്ട്.
അപകട സമയത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാർ ഇല്ലായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെയും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post